ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസ്

0

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ കേസ്. ടെമ്പിൾ പോലീസ് ആണ് കേസെടുത്തത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയ യുവതിയാണ് ജസ്ന.

ജന്മദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. ഇതും വൻ വിവാദമായിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജസ്‌ന കഴിഞ്ഞ മാസം ക്ഷേത്രത്തിലെത്തുകയും കിഴക്കേ നടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here