ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത് വയസുള്ള ആദിലക്ഷ്മിയാണ് മരിച്ചത്. കായംകുളത്തെ എബ്നൈസർ ആശുപത്രിയിലാണ് ആദിലക്ഷ്മി ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധം നടത്തുന്നത്. പത്താം തീയതിയാണ് പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. തുടർന്ന് കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ ഹൃദയസ്തംഭനമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി