ഈസ്റ്റര്‍ പ്രമാണിച്ച് ഞായറാഴ്ച വരെ ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍

0

മോസ്‌കോ: ഈസ്റ്റര്‍ പ്രമാണിച്ച് ഉക്രെയ്നില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലിന് ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഞായറാഴ്ച രാത്രി വരെ യുദ്ധം നിര്‍ത്തിവെക്കാന്‍ റഷ്യന്‍ സേനയോട് പുടിന്‍ ഉത്തരവിട്ടു.

റഷ്യയുടെ മാതൃക ഉക്രെയ്ന്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും, ഉക്രെയ്ന്‍ നടത്തുന്ന ഏതെങ്കിലും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തടയാന്‍ റഷ്യന്‍ സൈനികരെ സജ്ജരാക്കി നിര്‍ത്താന്‍ അദ്ദേഹം റഷ്യയുടെ ജനറല്‍ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവിനോട് നിര്‍ദ്ദേശിച്ചു.

‘മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍, റഷ്യന്‍ പക്ഷം ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. ഈ കാലയളവില്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഞാന്‍ ഉത്തരവിടുന്നു,’ ക്രെംലിനില്‍ നടന്ന ഒരു യോഗത്തില്‍ പുടിന്‍ ഗെറാസിമോവിനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു

ഉക്രെയ്ന്‍ ഞങ്ങളുടെ മാതൃക പിന്തുടരുമെന്ന് ഞങ്ങള്‍ കരുതുന്നു. അതേസമയം, സാധ്യമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ശത്രുവിന്റെ പ്രകോപനങ്ങളും, ഏതെങ്കിലും ആക്രമണാത്മക നടപടികളും ചെറുക്കാന്‍ നമ്മുടെ സൈന്യം തയ്യാറായിരിക്കണം,’ റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള റഷ്യന്‍ നീക്കം.

സമാധാന ചര്‍ച്ചകളുടെ മന്ദഗതിയില്‍ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അതൃപ്തരാണ്. പുരോഗതി ഉണ്ടായില്ലെങ്കില്‍ യുഎസ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയേക്കാമെന്ന് ഇരു നേതാക്കളും വെള്ളിയാഴ്ച സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here