കൊച്ചി: കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകന് ഗൗതമിനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
എന്നാൽ ഗൗതമിന്റെ മരണം കൊലപാതകമാണെന്നും കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിട്ടിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ മരണവും അതും ബന്ധമുണ്ടോ എന്നറിയില്ലെന്നും കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ ടി. അസഫലി പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി ശരിവെച്ചിരുന്നുവെന്നും അസഫലി പറഞ്ഞു.
2018ലാണ് കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകനായ ഗൗതമിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ കാറിൽ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാൾ 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കഴുത്തിന് മൂന്നോ നാലോ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇത് സ്വയം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ കഴിയില്ല.
ഇതും കഴിഞ്ഞ് 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണ്. ഇതൊരു ആത്മഹത്യയല്ല,കൊലപാതകമാണെന്ന് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്’. അഡ്വ.അസഫലി പറയുന്നു.

