തഹാവൂര്‍ റാണയെ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ചിത്രം പുറത്തുവിട്ട് യുഎസ്

0

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ (64) ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത്.

യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബുധനാഴ്ച മുൻകൂട്ടി തീരുമാനിച്ച സുരക്ഷിത മേഖലയില്‍വച്ച്‌ യുഎസ് മാർഷല്‍സ് ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥർക്ക് ജയില്‍ യൂണിഫോം ധരിച്ച റാണയെ കൈമാറുന്നതാണു ദൃശ്യത്തിലുള്ളത്.

അതേസമയം, യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച റാണയെ ഡല്‍ഹിയിലെ പ്രത്യേക എൻഐഎ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എൻഐഎ അപേക്ഷ നല്‍കിയിരുന്നു.

മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ ആനിവാര്യമാണെന്നും റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

കോടതി 18 ദിവസത്തേക്ക് അനുവദിക്കുകയുംചെയ്തു. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിംഗ് ആണ് വാദം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here