പട്ന: ബിഹാറിൽ തനിഷ്ക് ജ്വല്ലറിയിൽ ഇന്നലെ വൻ കവർച്ചയാണ് നടന്നത്. ഷോറൂമിൽ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം സ്വര്‍ണം വാങ്ങാനെത്തിയവരെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിര്‍ത്തിയാണ് 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവർന്നത്. അറാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്ക് ബ്രാഞ്ചിലായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കവര്‍ച്ച. എന്നാൽ സംഭവം എങ്ങനെ നടന്നുവെന്നും വെറും 17 മിനിറ്റിനുള്ളിൽ 25 കോടിയുടെ സ്വര്‍ണവുമായി മടങ്ങിയ സംഘത്തിന്റെ കവര്‍ച്ച രീതികളടക്കം അത്ഭുതപ്പെടുത്തുന്നതാണ്. 17 മിനിറ്റിനുള്ളിൽ അവര്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു ഓപ്പറേഷൻ നടത്തിയതെന്ന് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും, മറ്റ് ജീവനക്കാരും വാര്‍ത്താ ഏജൻസികളോട് വിശദീകരിച്ചിട്ടുണ്ട്. ഇത് കേട്ടാൽ മനസിലാകും കവര്‍ച്ച നടത്താൻ അവര്‍ എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്ന്.

