“ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി കിഴക്കൻ മേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബിജുമോൻ കൈക്കൂലിയായി മദ്യം വാങ്ങവേ പിടിയിലായി.
കോട്ടയം ഗാന്ധിനഗർ സ്വദേശിയായ പരാതിക്കാരി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസ്സിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു പരാതി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതിക്കാരി കൊടുക്കുകയുണ്ടായി. പരാതിക്കാരി മറ്റുചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പോയിരുന്ന സമയങ്ങളിൽ പരിചയപ്പെട്ടിരുന്ന സ്റ്റേഷൻ പി.ആർ.ഓ ചുമതല വഹിക്കുന്ന എ.എസ്.ഐ ബിജുമോനെ ഈ പരാതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 27-ാം തീയതി ഫോണിൽ വിളിച്ച സമയം പുനരന്വേഷണം ശരിയാക്കിതരാമെന്നും, നേരിൽ കാണണമെന്നും പറഞ്ഞു. തുടർന്ന് 28-ാം തിയതി പോലീസ് സ്റ്റേഷനിലെത്തി നേരിൽ കണ്ട സമയം പുനരന്വേഷണത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാമെന്നും, അതിന് ലൈംഗികമായി വഴങ്ങി കൊടുക്കണമെന്നും, വൈകിട്ട് മാന്നാനത്തുള്ള ഒരു ലോഡ്ജിൽ വരണമെന്നും, വരുമ്പോൾ ഒരു കുപ്പി മദ്യം കൊണ്ടു വരണമെന്നും പറഞ്ഞു.
തുടർന്ന് പരാതിക്കാരി ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കിഴക്കൻ മേഖല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേയാണ് ഇന്നലെ (28.02.2025) വൈകുന്നേരം 06:45 മണിയോടു കൂടി മാന്നാനത്തുള്ള ഒരു ഹോട്ടലിൽ വച്ച് പരാതിക്കാരിയിൽ നിന്നും ഒരു കുപ്പി മദ്യം കൈക്കൂലിയായി വാങ്ങവേ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബിജുമോനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
“ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി മാസം മാത്രം 9 കേസ്സുകളിലായി 12 പേരെയാണ് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. ജനുവരി മാസം 8 കേസ്സുകളിലായി 9 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 17 കേസ്സുകളിൽ ആകെ 21 പേർ വിജിലൻസിന്റെ വലയിൽ കുടുങ്ങി.
അറസ്റ്റ് ചെയ്തവരിൽ 11 പേർ റവന്യൂ ഉദ്യോസ്ഥരും, 2 പേർ പോലീസ് ഉദ്യോഗസ്ഥരും, വാട്ടർ അതോറിറ്റി, ആരോഗ്യം, സർവ്വേ, തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹനം എന്നീ വകുപ്പുകളിൽ നിന്നും ഓരോരുത്തർ വീതവുമാണ്. ഇത് കൂടാതെ 3 ഏജന്റുമാരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
“ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലി വിദഗ്ദന്മാരായ 200 ഓളം പേരുടെ ഒരു ലിസ്റ്റ് വിജിലൻസ് തയ്യാറാക്കിയിട്ടുള്ളതായും അത്തരക്കാരെ നിരന്തരം നിരീക്ഷിച്ചുവരുന്നതായും വിജിലൻസ് ഡയറക്ടർ ശ്രീ.യോഗേഷ് ഗുപ്ത ഐ.പി.എസ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.

