അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. പതിവ് തെറ്റിക്കാതെ ഈ സീസണിലും തോല്‍വിയോടെയാണ് മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. പഞ്ചാബ് കിംഗ്സിനോട് പൊരുതി വീണ ഗുജറാത്ത് ടൈറ്റൻസ്. ആദ്യ ജയത്തിനായി ഇരു ടീമുകളും കൊമ്പുകോർക്കുമ്പോൾ തീപാറും പോരാട്ടത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
വിലക്ക് കാരണം ചെന്നൈയിൽ കളിക്കാതിരുന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മ, റയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ്മ, റോബിൻ മിൻസ്. ചെന്നൈയോട് മുട്ടുമടക്കിയ വമ്പൻ ബാറ്റിംഗ് നിര ആളിക്കത്തിയില്ലെങ്കിൽ ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് ഈ സീസണും തലവേദനയാകും. മുംബൈയുടെ മലയാളി താരോദയം വിഗ്നേഷ് പുത്തൂരിനെ ഉറ്റുനോക്കുകയാണ് ആരാധകർ.

