ബെയ്ജിംഗ്: ടിബറ്റന്‍ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവ് ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുക എന്ന് ദലൈലാമ തന്റെ പുതിയ പുസ്തകമായ ‘വോയ്സ് ഫോര്‍ ദി വോയ്സ്ലെസ്’ ല്‍ പ്രവചിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ചൈന. ടിബറ്റിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ദലൈലാമക്ക് അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ദലൈലാമ ഉള്‍പ്പെടെയുള്ള ശ്രീബുദ്ധന്റെ അവതാരങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
പുനര്‍ജന്മം ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഒരു പ്രത്യേക പാരമ്പര്യമാണെന്നും ദലൈലാമയുടെ പിന്‍ഗാമിയുടെ പേര് ചൈനീസ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ദലൈലാമയെ ‘മതത്തിന്റെ മറവില്‍ ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസി’ എന്ന് ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ചൈനയുടെ നിലപാടിനെയോ ടിബറ്റിന്റെ വികസനത്തെയോ മാറ്റിയില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അടുത്ത ആത്മീയ നേതാവിനെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുമെന്ന് ചൈന പറയുന്നു. എന്നാല്‍ ചൈന തിരഞ്ഞെടുക്കുന്ന ഏതൊരു പിന്‍ഗാമിയെയും അംഗീകരിക്കില്ലെന്ന് ദലൈലാമ പ്രസ്താവിച്ചിട്ടുണ്ട്.
1959-ല്‍ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടന്ന പരാജയപ്പെട്ട പ്രക്ഷോഭത്തെത്തുടര്‍ന്ന്, പതിനാലാമത്തെ ദലൈലാമ ആയിരക്കണക്കിന് ടിബറ്റുകാരുമായി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്തുള്ള ‘ഒരു സ്വതന്ത്ര ലോകത്തില്‍’ ജനിക്കുമെന്ന് അദ്ദേഹം തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു. അടുത്ത ടിബറ്റന്‍ ബുദ്ധമത നേതാവ് ടിബറ്റിന് പുറത്ത്, ഉദാഹരണത്തിന് അദ്ദേഹം താമസിക്കുന്ന ഇന്ത്യയിലായിരിക്കുമെന്ന് അദ്ദേഹം മുമ്പ് പ്രസ്താവിച്ചിരുന്നു.

