ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് സ്വപ്നതുല്യ അരങ്ങേറ്റം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് വിഘ്‌നേഷ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. വിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ താരലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത് അപ്രതീക്ഷിതമായി. കേരളത്തിന്റെ സീനിയര്‍ ടീമില്‍പോലും കളിക്കാത്ത വിഘ്‌നേഷിന്റെ ഐപിഎല്‍ അരങ്ങേറ്റം ഇതിനേക്കാള്‍ അവിശ്വസനീയം.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പന്തേല്‍പിച്ച ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്. അതും തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന സി എസ് കെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്റേത്. തൊട്ടടുത്ത ഓവറില്‍ ശിവം ദുബേ. മൂന്നാം ഓവറില്‍ ദീപക് ഹൂഡ. വിഘ്‌നേഷ് മത്സരം പൂര്‍ത്തിയാക്കിയത് നാലോവറില്‍ 32 റണ്‍സിന് മൂന്നുവിക്കറ്റ്. സ്വപ്നതുല്യ അരങ്ങേറ്റത്തോളം മറക്കാത്ത സമ്മാനമായി മഹേന്ദ്ര സിംഗ് ധോണിയുടെ പ്രശംസ. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും കെ പി ബിന്ദുവിന്റെയും മകനായ വിഘ്‌നേഷ് കേരളത്തിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രയല്‍സിലേക്ക് അവസരം. പരിശീലന ക്യാംപിലും നെറ്റ്‌സിലും ഹാര്‍ദിക് പണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ക്കെതിരെ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ സീസണിലെ ആദ്യമത്സരത്തില്‍ തന്നെ 23കാരന് അവസരം. രോഹിത് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് പ്ലെയറയാണ് വിഘ്‌നേഷ് ടീമിലെത്തുന്നത്. പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാര്‍ഥിയാണ് വിഘ്‌നേഷ് പുത്തൂര്‍.