കറാച്ചി: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്‍റിന് ആതിഥേയരായിട്ടും പാക് ക്രിക്കറ്റ് ബോര്‍ഡിന് നേരിട്ടത് കോടികളുടെ നഷ്ടം. ചാമ്പ്യൻസ് ട്രോഫിയില്‍ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ഒരേയൊരു മത്സരം മാത്രമാണ് പാകിസ്ഥാന് കളിക്കാനായത്. ഇന്ത്യക്കെതിരായ മത്സരം നിഷ്പക്ഷ വേദിയായ ദുബായില്‍ കളിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ടൂര്‍ണമെന്‍റിനായി കോടികള്‍ ചെലഴിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിട്ടത് 869 കോടി രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്.
ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മൂന്ന് പ്രധാന സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏകദേശം 58 മില്യൺ ഡോളറാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ 50 ശതമാനം അധികതുക ചെലവഴിച്ചാണ് സ്റ്റേഡിയങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് പുറമെ ടൂര്‍ണമെന്‍റിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി 40 മില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ചു. എന്നാല്‍ ആതിഥേയത്വം വഹിച്ചതിനുള്ള ഹോസ്റ്റിംഗ് ഫീസ് ആയി ആറ് മില്യൺ ഡോളര്‍ മാത്രമാണ് പാക് ബോര്‍ഡിന് ലഭിച്ചത്. ഇതിന് പുറമെ സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പനയില്‍ നിന്ന് നാമമാത്ര തുക മാത്രമാണ് പാക് ബോര്‍ഡിന് ലഭിച്ചതെന്നും ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

