ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു. വെള്ളിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി അക്‌സറിനെ നിയമിച്ചിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് പോയ റിഷഭ് പന്തിന് പകരക്കാരനായാണ് അക്‌സറിനെ നായകനാക്കിയത്. ഈ സീസണില്‍ ടീമിലെത്തിയ കെ എല്‍ രാഹുല്‍ നായകനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും രാഹുല്‍ പിന്മാറുകയായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ നായകസ്ഥാനം വേണ്ടെന്ന് വച്ചത്.
പിന്നീടാണ് വൈസ് ക്യാപ്റ്റനായി ഫാഫിനെ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഫാഫ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചിരുന്നു. എങ്കിലും അദ്ദേഹത്തെ, ആര്‍സിബി താരലേലത്തിന് മുമ്പായി കയ്യൊഴിയുകയായിരുന്നു. മാത്രമല്ല, ലേലത്തില്‍ പ്രാഥമിക റൗണ്ടില്‍ ഫാഫില്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ലേലത്തിന്റെ അവസാന ദിവസം ആക്‌സിലറേറ്റഡ് റൗണ്ടില്‍ ഡല്‍ഹി കാപിറ്റല്‍സ് ഫാഫിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് വാങ്ങി. ഇക്കാര്യം കാപിറ്റല്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.