പ്രവാസിയായ ഭാര്യയുമായുള്ള തർക്കം; രാത്രി ഭാര്യയുടെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീവെച്ച പ്രതി അറസ്റ്റിൽ

0

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീ വെച്ചയാളിനെ കണ്ടെത്തി പൊലീസ്. ഇന്‍ഫോസിസിന് സമീപം കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചതായി കണ്ടത്. സംഭവത്തിൽ വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ്(38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ്  ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സൈക്കിളും കത്തിനശിച്ചത്. വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് സംഭവമറിയുന്നത്. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

വീട്ടുടമയുടെ മൂത്ത മകളുടെ ഭർത്താവ് രാകേഷിന്‍റേതാണ് കത്തി നശിച്ച ഇന്നോവ കാർ. രാകേഷിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഏതാനും വർഷം മുമ്പ് ഇയാളുടെ ഭാര്യയും കുഞ്ഞും വിദേശത്ത് ജോലി കിട്ടി പോയിരുന്നു. അന്ന് മുതൽ ഭാര്യയുമായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണിൽ‌ വിളിച്ച് സംസാരിച്ച് തർക്കിച്ചതിന് ശേഷം പ്രതി രാത്രി രണ്ടു മണിയോടെ സ്ഥലത്തെത്തി വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ചശേഷം പേപ്പർ കത്തിച്ച് വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സ്ഥലത്തെ സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here