പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേള ഇന്ന് സമാപിക്കും. മേളയുടെ അവസാന ദിവസമായ ഇന്ന് മഹാശിവരാത്രിയോടനുബന്ധിച്ച് അവസാനത്തെ പ്രത്യേക അമൃത് സ്‌നാനം നടക്കും. വിശുദ്ധ സ്‌നാനത്തിനായി ഭക്തര്‍ ത്രിവേണി സംഗമത്തിലേക്ക് പുലര്‍ച്ചെ തന്നെ വന്‍തോതില്‍ എത്തിത്തുടങ്ങി. ആറാഴ്ച നീണ്ടുനിന്ന മേളയില്‍ അവസാന ദിവസങ്ങളില്‍ കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്.
മഹാശിവരാത്രിക്ക് മഹാ കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഹൈന്ദവ പുരാണങ്ങള്‍ അനുസരിച്ച്, സമുദ്ര മഥനത്തില്‍ ഉയര്‍ന്നു വന്ന അമൃത് കുംഭമാണ് കുംഭമേളയുടെയും പ്രധാന സത്ത.
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയില്‍ മൂന്ന് അമൃത് സ്‌നാന്‍ ദിനങ്ങള്‍ ഉള്‍പ്പെടെ ആറ് പ്രത്യേക ‘സ്‌നാന’ങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യത്തേത് ജനുവരി 13-ന് പൗഷ് പൂര്‍ണിമ, ജനുവരി 14-ന് മകരസംക്രാന്തി, ജനുവരി 29-ന് മൗനി അമാവാസി, ഫെബ്രുവരി 3-ന് ബസന്ത് പഞ്ചമി, ഫെബ്രുവരി 12-ന് മാഗി പൂര്‍ണിമ, ഒടുവില്‍ ഫെബ്രുവരി 26-ന് മഹാ ശിവരാത്രി.
ഇതുവരെ 65 കോടി ആളുകള്‍ കുംഭമേളയ്ക്ക് എത്തിയെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രി ദിവസം രണ്ടു കോടി തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. കുംഭമേള നഗരിയില്‍ ഇന്ന് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. 37000 പൊലീസുകാരെയും 14000 ഹോം ഗാര്‍ഡുകളെയുമാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. കുംഭമേളയില്‍ നിന്ന് മടങ്ങുന്നവര്‍ക്കായി 350 ട്രെയിനുകളാണ് പ്രയാഗ് രാജില്‍ നിന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ടാണ് കുംഭ മേളയിലെ റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഡെല്‍ഹിയിലും മറ്റും തിക്കിലും തിരക്കിലും അപകടങ്ങളുണ്ടായ സാഹചര്യത്തിലാണിത്.

