കോഴിക്കോട്ട്  ട്യൂഷൻ സെൻ്ററിന് മുന്നിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; പത്താംക്ലാസുകാരൻ കോമ അവസ്ഥയിൽ

0

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ട്യൂഷൻ സെൻററിലെ ഫെയർവെൽ പരിപാടിയോട് അനുബന്ധിച്ച് നടന്ന തർക്കമാണ് സംഘർഷത്തിന് കാരണം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

സംഭവത്തിൽ പരുക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം.    താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസിന് തലക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്,

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റിയിരുന്നു.

പിന്നീട് ഉണ്ടാ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാൽ പുറത്ത് പരുക്കൊന്നും കാണാത്തതിനാൽ ഷഹബാസിനെ ഏതാനും കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചു. മകൻ തളർന്നു കിടക്കുന്നതു കണ്ട് ഷഹബാസിന് ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോ എന്നാണ് വീട്ടുകാർ കരുതിയത്.

പിന്നാലെ അവന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമണത്തെ കുറിച്ച് വിവരമറിയുന്നത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ കോമ അവസ്ഥയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here