Monday, March 17, 2025

‘എല്ലാം സുതാര്യം’; കിഫ്ബി പദ്ധതികള്‍ക്ക് യൂസര്‍ ഫീ, നിയമസഭയില്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കുമെന്ന് നിയമസഭയില്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി. പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കുന്നത് കിഫ്ബിയുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള വരുമാനമെന്ന നിലയ്ക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവഴി കിഫ്ബിക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് ഘട്ടംഘട്ടമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കിഫ്ബി ഇന്നത്തെ നിലയില്‍ പരിവര്‍ത്തിക്കപ്പെട്ട പശ്ചാത്തലവും ആ സംവിധാനം ചെയ്ത കാര്യങ്ങളും കൃത്യമായി മനസ്സിലാക്കിയിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപങ്ങള്‍ ഒന്നും ഉന്നയിക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ടു തന്നെയാണ് ആക്ഷേപം ഉന്നയിച്ചതെങ്കില്‍, അതിനെ രാഷ്ട്രീയ പ്രേരിതം എന്നേ പറയാന്‍പറ്റൂ. രാഷ്ട്രീയ പ്രേരിതമായി പറയുന്ന കാര്യങ്ങള്‍ക്കു വസ്തുതകളുമായി ബന്ധമുണ്ടാവണമെന്നില്ലല്ലൊ. ആ ബന്ധമില്ലായ്മ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ വാദങ്ങളുടെ ദൗര്‍ബല്യത്തിനടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഏതു സാഹചര്യത്തിലാണ് 1999 ലെ കിഫ്ബി ആക്ട് ഭേദഗതി ചെയ്തത്? ബജറ്റിനു പുറമെയുള്ള വിഭവസമാഹരണം അസാധ്യമായ നിലയുണ്ടായപ്പോഴാണ് 1999ലെ കിഫ്ബി ആക്ട് ഭേദഗതി ചെയ്തത്. ഈ മരവിപ്പിനെ മുറിച്ചു കടക്കാനും ബജറ്റിന്റെ പരിമിതിക്കപ്പുറത്തു വിഭവസമാഹരണവും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിനിയോഗവും ഉറപ്പാക്കാനും അടിയന്തരമായി ചിലതു ചെയ്തേ മതിയാവൂ എന്ന നില വന്നു. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഭാവനാപൂര്‍ണ്ണവും പ്രായോഗികവുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലായിരുന്നു 1999 ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി നിയമം ഭേദഗതി ചെയ്യല്‍.

അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതുവഴി ഉദ്ദേശിച്ചത്. അത് പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും കടന്ന് എട്ടര വര്‍ഷം കൊണ്ട് 87,521.36 കോടി രൂപയുടെ 1,147 പദ്ധതികളുടെ വിജയകരമായ നിര്‍വഹണത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇത് കേരളത്തില്‍ ഒന്നും ശരിയാവില്ല എന്നു വാദിച്ചവരെയും വിഭവങ്ങളുടെ അഭാവത്തില്‍ ആകെ മുരടിക്കുന്ന അവസ്ഥയില്‍ കേരളം അടിഞ്ഞു കിടന്നുകൊള്ളും എന്നു പ്രതീക്ഷിച്ചിരുന്നവരെയും ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. വഴിയില്ലാത്തിടത്തു വഴി വെട്ടുകയായിരുന്നു, മരവിപ്പിനെ മുറിച്ചു കടക്കുകയായിരുന്നു, അതാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്.

കിഫ്ബിയുടെ പണം എന്നത് നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് ബാങ്കിലിട്ടിരിക്കുന്ന പണമല്ല എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാചകങ്ങളില്‍ ഒന്ന്. തറവാടും സ്വത്തുമൊക്കെയായി അദ്ദേഹം ഇപ്പോഴും കാര്യങ്ങളെ അങ്ങേയറ്റം യാഥാസ്ഥിതികമായാണ് കാണുന്നതെന്ന് ആ വാചകങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ കിഫ്ബി എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നൂതനവും ധീരവുമായ കാല്‍വയ്പാണ്. വികസനത്തിന്റെ ബദല്‍ മാതൃകയാണ്. അതിന്റെ നേട്ടങ്ങള്‍ അദ്ദേഹത്തെ ചൊടിപ്പിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി നില്‍ക്കുന്ന അദ്ദേഹത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോവുന്നതില്‍ അത്ഭുതവുമില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന 3 വര്‍ഷത്തെ ആകെ മൂലധനച്ചെലവ് കേവലം 16,049 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിലെ കിഫ്ബിയിലൂടെ മാത്രമുള്ള മൂലധനച്ചെലവ് ഇതിലധികമാണ്. 17,857 കോടി രൂപയാണ് ബജറ്റിനു പുറമെ, കഴിഞ്ഞ 3 വര്‍ഷത്തില്‍ കിഫ്ബിയിലൂടെ മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത്. ഈ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 3 വര്‍ഷത്തിലെ മൂലധനച്ചെലവ് മാത്രമെടുക്കുക. അത് 41,773 കോടി രൂപയാണ്.

സിഎജി ഓഡിറ്റമുമായി ബന്ധപ്പെട്ട് നൂറ്റൊന്നാവര്‍ത്തിച്ച ഇല്ലാക്കഥയാണ് ഇത്തവണയും പ്രതിപക്ഷനേതാവിന്റെ നാവില്‍ നിന്നുവന്നത്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജി ഓഡിറ്റ് നടക്കുന്നില്ല, അത് നടത്താന്‍ അനുവദിക്കുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. തികച്ചും വസ്തുതാ വിരുദ്ധമായ ആക്ഷേപമാണിത്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജിയുടെ ഓഡിറ്റ് എന്ന വിഷയം സഭയില്‍ നിരവധി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

പദ്ധതി നിര്‍വഹണത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാത്ത കിഫ്ബി, ഒരു പദ്ധതിയുടെ അംഗീകാരത്തിന് മുന്‍പും അതിനുശേഷവും പദ്ധതിയുടെ നിര്‍വഹണ സമയത്തും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. പദ്ധതിയുടെ ഡി പി ആര്‍, സാങ്കേതികാവലോകനം, ഡിസൈന്‍, എസ്റ്റിമേറ്റുകളുടെ പരിശോധന, പദ്ധതി അവലോകന സമയത്തെ സ്ഥലപരിശോധന, പദ്ധതി നിര്‍വഹണ സമയത്തെ സാങ്കേതിക – ഗുണനിലവാര പരിശോധന, തുടങ്ങിയവയുടെ കാര്യത്തില്‍ കിഫ്ബി കൃത്യത പാലിച്ച് വരുന്നുണ്ട്. കിഫ്ബിക്ക് അതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ആരംഭിച്ച ശേഷം നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2018 ലും അതിനു ശേഷവും ഉണ്ടായിട്ടുള്ള പ്രളയവും, ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ 2020 ലെ കോവിഡ് മഹാമാരിയും മൂലം എല്ലാ മേഖലകളും സ്തംഭിക്കപ്പെട്ടത് കിഫ്ബി പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ ഒരു പരിധി വരെ വിഘാതം സൃഷ്ടിച്ചിട്ടുണ്ട്.

ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളുള്ള 16,027 സ്‌കൂളുകളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 4,752 സെക്കന്ററി – ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബ് പദ്ധതി നടപ്പിലാക്കി. എസ് സി, എസ് ടി വിഭാഗത്തിന് കിഫ്ബി പണം അനുവദിക്കുന്നില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.എസ് സി, എസ് ടി വകുപ്പിന്റെ കീഴില്‍ കിഫ്ബി 182.23 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കി. അതില്‍ 80 കോടി രൂപ ഇതുവരെ ചെലവഴിച്ചു. 55 ശതമാനത്താളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.

ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എന്‍എച്ച്എഐ, ആകെ തിരിച്ചടവിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ടോള്‍ വഴി നേടുന്നുന്നുള്ളു. ബാക്കിയെല്ലാം ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പും, കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകളുമാണ്. കേരളത്തിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് സുപ്രീം കോടതി ഈ കേസിനെ ഭരണഘടനാ ബെഞ്ചിനു വിട്ടത്. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം കേന്ദ്രസര്‍ക്കാര്‍ തന്നെ കിഫ്ബി മാതൃകയില്‍ സ്ഥാപനം തുടങ്ങിയിട്ടുണ്ട്

Latest News

സുനിത വില്യംസും ബുച്ച് വിൽമോറും നാളെ യാത്ര തിരിക്കും; മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ

ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം നാളെ രാവിലെ 8.15 ന്...

More News