കോഴിക്കോട്: തെങ്ങ് കയറുന്ന യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് തൊഴിലാളി തെങ്ങിൽ തൂങ്ങി കിടന്നത് രണ്ട് മണിക്കൂർ. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം. തൊട്ടില്‍പ്പാലം പൂക്കാട് ചീളുപറമ്പത്ത് ചന്ദ്രിയുടെ വീട്ടുപറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറിയതായിരുന്നു മനോജ്. അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ നെടുംകുന്നുമ്മല്‍ പൊക്കന്‍ എന്നയാളെ വിളിച്ചുവരുത്തി. പൊക്കന്‍ തെങ്ങില്‍ കയറി സാരി ഉപയോഗിച്ച് മനോജിനെ സുരക്ഷിതമായി തെങ്ങിനോട് ചേര്‍ത്ത് കെട്ടി നിര്‍ത്തി. തുടർന്ന് അഗ്നിരക്ഷാ സേന എത്തി തെങ്ങിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. മനോജിനെ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

