ബംഗളൂരു: 35ഓളം ഗ്രാമീണരുടെ പേര് വിവരങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ദമ്പതികൾ മുങ്ങി. തുമകുരുവിലെ ഗ്രാമവാസികളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരകളാണ്. മൈക്രോഫിനാൻസ് നിന്ന് ഗ്രാമീണരുടെ പേരിൽ വായ്പ എടുത്ത ദമ്പതികൾ ഒളിവിൽ പോവുകയായിരുന്നു. മധുഗിരി താലൂക്കിലെ പുരവര ഹോബ്ലിയിലെ ദൊഡ്ഡഹോസഹള്ളിയിൽ നിന്നുള്ള ദമ്പതികളാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി മുങ്ങിയത്.
കുറ്റാരോപിതരായ യു. പ്രതാപ്, രത്നമ്മ എന്നിവർ നടത്തിയ തട്ടിപ്പ്, ഗ്രാമീണർക്ക് മൈക്രോഫിനാൻസ് കമ്പനികളിൽ നിന്ന് തിരിച്ചടവ് നോട്ടീസ് ലഭിക്കാൻ തുടങ്ങിയതോടെയാണ് പുറത്തായത്. നല്ല വിദ്യാഭ്യാസവും സമൂഹത്തിൽ വിശ്വാസ്യതയുമുള്ള ദമ്പതികൾ, സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞ് കർഷക കുടുംബങ്ങളിൽനിന്നുള്ള 35 സ്ത്രീകളിൽനിന്ന് ആധാർ കാർഡുകൾ ശേഖരിക്കുകയായിരുന്നു.
ഇവർ ഗ്രാമത്തിൽ നിന്ന് മുങ്ങുന്നതിന് മുൻപായി 10ൽ അധികം മൈക്രോഫിനാൻസ് കമ്പനികളിൽനിന്ന് 50 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ഗ്രാമവാസികളുടെ ആധാർ വിശദാംശങ്ങൾ ഉപയോഗിച്ച് പരമാവധി വായ്പ തുക സുരക്ഷിതമാക്കാൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി. തങ്ങളുടെ രേഖകൾ തന്ത്രപൂർവം കൈക്കലാക്കി തട്ടിപ്പു നടത്തിയ ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്നും വായ്പത്തുക തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

