ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തില്‍ ദുരൂഹമായ അസുഖ ബാധ ഭീതി സൃഷ്ട്ടിക്കുന്നു. 17 പേർ രോഗബാധയിൽ മരിച്ചതിനെ തുടർന്നുള്ള മെഡിക്കൽ അലർട്ടിൻ്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും എല്ലാ അവധികളും അധികൃതർ റദ്ദാക്കി. ജീവനക്കാരുടെ അവധികള്‍ റദ്ദാക്കിയതായി രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ വ്യക്തമാക്കി.’കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് കുടുംബങ്ങളിലെ 17 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് മെഡിക്കൽ അലർട്ട് സാഹചര്യം നേരിടാൻ ശൈത്യകാല അവധികളും റദ്ദാക്കി, അദ്ദേഹം പറഞ്ഞു. ഇതിനോടകം രോഗം ബാധിച്ച് ക്വാറൻ്റൈനിലേക്ക് അയച്ചവരുടെ എണ്ണം 290 ആയി.
രോഗം വ്യാപിച്ചതോടെ ലഖ്‌നൗവിലെ ടോക്‌സിക്കോളജി ലബോറട്ടറി പ്രാഥമിക അന്വേക്ഷണം നടത്തിയിരുന്നു. അണുബാധയോ വൈറസോ ബാക്ടീരിയയോ അല്ല രോഗ കാരണം, മറിച്ച് വിഷ വസ്തുവാണെന്നാണ് നിഗമനമെന്ന് അധികൃതർ അറിയിച്ചു. രജൗരിയിലെ നഴ്സിങ് കോളേജ്, ജി.എം.സി. ആശുപത്രി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. രജൗരി ജില്ലയില്‍ 45 ദിവസത്തിനിടെ 17 പേര്‍ മരിച്ചത് പകര്‍ച്ചവ്യാധിമൂലമല്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിരീകരിച്ചിരുന്നു. അജ്ഞാതവിഷവസ്തുവാണ് മരണത്തിനു കാരണമെന്ന് ലഖ്‌നൗവിലെ സി.എസ്.ഐ.ആര്‍. ലാബില്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ കണ്ടെത്തി. ഏതുതരം വിഷവസ്തുവാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്തിയാല്‍ നടപടിസ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ മരിച്ചവരുടെ അടുത്തബന്ധുക്കളായ നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുണ്ട്. രോഗവ്യാപനം തടയാന്‍ പ്രദേശം ബുധനാഴ്ച കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. 17 പേരാണ് ഇരുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല. 17 മരണങ്ങളിലും പൊതുവായ ഘടകം തലച്ചോറിൻ്റെ ഇടപെടലും നാഡീവ്യവസ്ഥയുടെ തകരാറുമാണെന്ന് ഡോ. ഭാട്ടിയ വെളിപ്പെടുത്തി. ഇരകളുടെ സാമ്പിളുകളിൽ ചില ന്യൂറോ ടോക്‌സിനുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം തുടർന്ന് വരികയാണ്.

