അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു; ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് സ്ഥാപകന്‍

0

ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ ആണ് അറിയിച്ചത്.

‘ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിരിച്ചുവിടാന്‍ ഞാന്‍ തീരുമാനിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂര്‍ത്തി. ഇത് പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി’- ഹിന്‍ഡന്‍ബര്‍ഗ് വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന പ്രഖ്യാപനത്തിന് പിന്നില്‍ പ്രത്യേക ഭീഷണിയോ വ്യക്തിപരമായ പ്രശ്നമോ ഇല്ലെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

2022ലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് നുണയാണെന്നും ഇന്ത്യയ്‌ക്കെതിരായ ആസൂത്രിത ആക്രമണമെന്നുമാണ് അദാനി ഗ്രൂപ്പ് അന്ന് വിശദീകരിച്ചത്. ആരോപണത്തില്‍ സുപ്രീം കോടതിയും അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2024 ഓഗസ്റ്റില്‍ ഷോര്‍ട്ട് സെല്ലര്‍ വീണ്ടും ആക്രമണം ആരംഭിച്ചെങ്കിലും അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ തള്ളി.

ന്യൂയോര്‍ക്ക് ആസ്ഥാനമായി 2017ല്‍ ആരംഭിച്ച ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകള്‍ വമ്പന്‍ കോര്‍പറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റര്‍നാഷനല്‍ തുടങ്ങിയ ഭീമന്മാരെ ഉലച്ചുകളഞ്ഞ വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയിരുന്നത്.’കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവച്ചതുപോലെ, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.’- ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

Leave a Reply