ഒരു നാട് മുഴുവന്‍ ഭീതിയില്‍; 10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

0

മാനന്തവാടി: കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് വയനാട്ടിലെ ജനങ്ങള്‍. രാധയെ കടുവ കൊന്നതറിഞ്ഞ് തങ്ങളുടെ ജീവന് എത്രമാത്രം സുരക്ഷിതത്വം ഉണ്ടെന്ന് ചോദിക്കുകയാണ് പ്രദേശവാസികള്‍.

എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.

പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.

കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്. 10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേരെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply