കോഴിക്കോട്: വിവാഹ ആഘോഷത്തിന്റെ ഭാഗമായി അപകടകരമായ റീല്‍സ് ചിത്രീകരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.
പൊതുറോഡില്‍ അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച സംഘത്തിനെതിരെയാണ് കേസ്.
അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സം സൃഷ്ടിച്ചു, പുളിയാവ് റോഡില്‍ പടക്കം പൊട്ടിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്.
ഒരു ആഢംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വരനും കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കുമെതിരെയാണ് വളയം പൊലീസ് കേസ് എടുത്തത്.
നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെയായിരുന്നു കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്. മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കൾ യാത്ര ചെയ്തു.