ന്യൂഡൽഹി: പത്താം വാർഷിക നിറവിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി (BBBP). ലിംഗ വിവേചനങ്ങൾ ഇല്ലാതാക്കാനും പെൺകുട്ടികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും പദ്ധതിക്ക് കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികളുടെ ലിംഗാനുപാതം വൻ തോതിൽ ഇടിയുന്ന സാഹചര്യത്തിൽ, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉച്ഛസ്ഥായിൽ നിൽക്കേ 2015 ജനുവരി 22-ന് ഹരിയാനയിലെ പാനിപ്പത്തിൽ വച്ചാണ് പ്രധാനമന്ത്രി ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി ആരംഭിക്കുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ പദ്ധതി ജനങ്ങളിലൂടെയാണ് വളർന്നതെന്നും ജനശക്തിയുടെ ഉത്തമ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലിംഗ വിവേചനത്തെ തടയാൻ പദ്ധതിക്ക് സാധിച്ചു. അതേ സമയം തന്നെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും പദ്ധതിക്കായി. പദ്ധതിയെ ജനപ്രിയമാക്കിയതിൽ പങ്കാളികളായ സംഘടനകൾ ഉൾപ്പടെ എല്ലാവർക്കും നന്ദി അറിയിക്കുന്നു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നാഴികക്കല്ല് പിന്നിട്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കുട്ടികളുടെ ലിംഗാനുപാതത്തിൽ കുറവുണ്ടായിരുന്ന ജില്ലകൾ ഏറെ മെച്ചപ്പെട്ടു. ബോധവത്കരണ കാമ്പെയ്നുകൾ ലിംഗ സമത്വത്തിന്റെ ആവശ്യകത തിരിച്ചറിയാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും വിവേചനമില്ലാത്ത ജീവിക്കാനും സാധിക്കുന്നൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ രാജ്യത്തിനായി. താഴേത്തട്ടിൽ നിന്ന് മുതൽ പദ്ധതി വിജയകരമാക്കാനായി പ്രവർത്തിച്ചവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാനും പെൺമക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.