കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ വീണ്ടും വൻ സുരക്ഷ വീഴ്ചയെന്ന് വിലയിരുത്തൽ. ഐ എസ് എൽ മത്സരത്തിൻ്റെ ഭാഗമായി നിരവധി സുരക്ഷ നിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.
സ്റ്റേഡിയത്തിന് ചുറ്റിലുമുള്ള കടകളിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മാറ്റണം എന്നതായിരുന്നു പ്രധാന നിർദേശം. എന്നാൽ ഇന്ന് ഐ.എസ്.എൽ മത്സരം നടക്കുമ്പോഴും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
കടമുറികൾ / ഗോഡൗണുകളിൽ അപകടഭീഷണിയായ ഇലക്ട്രിക്ക് ഫർണസ്, ഗ്രിൽ, തീപിടിക്കാൻ സാധ്യതയുള്ള ഗ്യാസ് സിലിണ്ടർ, എഞ്ചിൻ ഓയിൽ, പെയിന്റ്, വാർനിഷ്, ടർപെന്റയിൻ, പ്ലൈവുഡ് മുതലായവ നീക്കം ചെയ്യണമെന്നും ആവശ്വം ഉയർന്നിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ എല്ലാം ഇന്നും തുറന്നു പ്രവർത്തിച്ചിരുന്നു. മാത്രമല്ല ഇവിടെ വെൽഡിംഗ് ജോലികളും നടന്നിരുന്നു.
സ്റ്റേഡിയത്തിന് ചുറ്റിലുമുള്ള വാഹനങ്ങളുടെ അനധിക്യത പാർക്കിംഗ് ഒഴിപ്പിക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും അതു് പഴയപടി തന്നെ.
ജില്ല കളക്ടർക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും മീഡിയ മലയാളം ബ്യുറോ ചീഫ് പോളി വടക്കൻ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ:
സ്റ്റേഡിയത്തിൽ അപകടവും സുരക്ഷാവീഴ്ചയും ഉണ്ടായ സാഹചര്യത്തിൽ 12-01-2025 മുതൽ നടക്കുന്ന മത്സരങ്ങൾ / പരിപാടികൾക്ക് മുന്നോടിയായി ചുവടെ ചേർക്കുന്ന സുരക്ഷാക്രമീകരണങ്ങൾ / മുൻകരുതലുകൾ ഏർപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു:
1) സ്റ്റേഡിയം ഗാലറിയുടെ കെട്ടുറപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി കാണികളുടെ എണ്ണം പരിമിതപ്പെടുത്തണം
2) സ്റ്റേഡിയം റൂഫ് അപകടവസ്ഥയിലാണെന്ന് GCDA തന്നെ സർക്കാരിന് റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥിതിയ്ക്ക് ആയത് നന്നാക്കി അപകടാവസ്ഥ ഒഴിവാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം
3) മൃദങ്ക നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ആളുകളും കാരവനും കയറി താറുമാറായ പുൽത്തകിടി നന്നാക്കി കളിക്കാരുടെ സുരക്ഷ ഉറപ്പാക്കണം
4) കടമുറികൾ / ഗോഡൗണുകളിൽ അപകടഭീഷണിയായ ഇലക്ട്രിക്ക് ഫർണസ്, ഗ്രിൽ, തീപിടിക്കാൻ സാധ്യതയുള്ള ഗ്യാസ് സിലിണ്ടർ, എഞ്ചിൻ ഓയിൽ, പെയിന്റ്, വാർനിഷ്, ടർപെന്റയിൻ, പ്ലൈവുഡ് മുതലായവ നീക്കം ചെയ്യണം
5) അഗ്നിശമന സംവിധാനം പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കി ഡെമോ ചെയ്യണം
6) കളി നടക്കുന്ന ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ കടമുറികൾ / ഗോഡൗണുകൾ നോട്ടീസ് നൽകി അടച്ചിടണം
7) എമർജൻസി എക്സിറ്റ് പാതയെ തടയുന്ന രീതിയിലുള്ള നിലവിലെ വാഹനപാർക്കിങ് പുനഃക്രമീകരിക്കണം (പ്രധാന റോഡ്, വെഹിക്കിൾ എന്ററി, റിങ് റോഡ്, VIP റോഡ്).
8) മതിയായ പോലീസ് സേനയുടെ അഭാവം പരിഹരിക്കണം
9) ആംബുലൻസ്, ഫയർ ഫൈറ്റിംഗ് വാൻ, സ്‌ട്രെച്ചർ, മെഡിക്കൽ റൂം ഇവ സുസജ്ജമായിരിക്കണം
10) എമർജൻസി എക്സിറ്റ് പാതയെ തടയുന്ന താൽക്കാലിക നിർമ്മാണങ്ങൾ (ഷീറ്റ്, ഷെഡ്) ഇവയും കാട്, മാലിന്യങ്ങൾ, നാഗങ്ങൾ, നായ്ക്കൾ, കുറുക്കൻ ഇവയെ നീക്കം ചെയ്യണം
11) വ്യാജ ടിക്കറ്റുകൾ, കോംപ്ലെമെന്ററി ടിക്കറ്റുകൾ, അനധികൃത പ്രവേശനം ഇവയിലൂടെ കയറുന്ന അധിക കാണികളെ നിയന്ത്രിക്കണം
12) ഗാലറിയിലെ തകരാറിലായ കസേരകൾ മാറ്റി ഉറപ്പുള്ള കസേരകൾ സ്ഥാപിക്കണം
13) സ്റ്റേഡിയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എല്ലാ NOC / Approval-കൾ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനെ വ്യക്തിപരമായി ബോധ്യപ്പെടുത്തണം
14) സ്റ്റേഡിയത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള ബാഹ്യശക്തികളുടെ ഇടപെടൽ ഒഴിവാക്കാൻ സ്റ്റേഡിയം ഉടമയ്ക്കും സംഘാടകർക്കും നോട്ടീസ് നൽകണം.
മേല്പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിലെ ഇൻചാർജിനോട് മീഡിയ മലയാളം ബ്യുറോ ചീഫ് പോളി വടക്കൻ വിശദീകരണം തേടിയപ്പോൾ അനൗചിത്യമായ പ്രതികരണമാണ് ലഭിച്ചത്.