നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും; കേരളത്തിൽ 35 വർഷത്തിനിടെ വധശിക്ഷ നടപ്പായത് ഒരിക്കൽ മാത്രം

0

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ചെന്താമരയെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് രണ്ട് തടവുകാരും ഈ ജയിലിലാണ് കഴിയുന്നത്.

സംസ്ഥാനത്ത് ആകെ 37 പേരാണ് വിവിധ ജയിലുകളിലായി വധശിക്ഷ കാത്തുകഴിയുന്നത്. ഇവരിൽ 24 പേർ പൂജപ്പുര സെൻട്രൽ ജയിലിലും, നാല് പേർ വിയ്യൂർ ജയിലിലും, മൂന്ന് പേർ കണ്ണൂർ സെൻട്രൽ ജയിലിലും, ഒരാൾ തവനൂർ ജയിലിലും, രണ്ട് പേർ വിയ്യൂർ അതിസുരക്ഷാ ജയിലിലും, മൂന്ന് പേർ തിരുവനന്തപുരം വനിതാ ജയിലിലുമാണ് ഉള്ളത്.

നെന്മാറ ഇരട്ടക്കൊലക്കേസ് ‘അപൂർവങ്ങളിൽ അപൂർവമായ കേസ്’ ആണെന്ന് വിലയിരുത്തിയാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നൽകാത്ത പക്ഷം മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

പ്രതി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും, കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും, മാനസികാരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സമാന കേസുകളിലെ സുപ്രീംകോടതി വിധികൾ പരിശോധിച്ച ശേഷമാണ് വധശിക്ഷ പ്രഖ്യാപിച്ചത്.

കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 35 വർഷം മുമ്പ്

കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 35 വർഷം മുമ്പാണ്. 1991-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയാണ് തൂക്കിലേറ്റിയത്.

1985-86 കാലഘട്ടത്തിൽ വടക്കൻ കേരളത്തെ ഭീതിയിലാഴ്ത്തിയിരുന്ന റിപ്പർ ചന്ദ്രൻ, രാത്രിയിൽ ആളുകളെ ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുന്നതായിരുന്നു പതിവ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി 14 കൊലപാതക കേസുകളിലെ പ്രതിയായിരുന്ന ഇയാൾക്ക്, ദമ്പതികളെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ ലഭിച്ചത്. മറ്റ് കേസുകളിൽ ജീവപര്യന്തം ശിക്ഷയായിരുന്നു വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here