തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നിലപാട് മാറ്റി ദേശാഭിമാനി. ഇന്നലത്തെ നിലപാടിൽ നിന്നും യൂടേണടിച്ചാണ് വീണ്ടും ദേശാഭിമാനിയുടെ നിലപാട് മാറ്റം.
കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് നടപടിയിൽ ആശങ്കയെന്നാണ് ഇന്നത്തെ വാർത്ത.
കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം. എന്നാൽ, ഈ വ്യവസ്ഥ മറികടന്നാണ് അദാനി ഗ്രൂപ്പ്, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിക്ക് ഓഹരി വിൽക്കാൻ ശ്രമിക്കുന്നത്.
വിൽപ്പന യാഥാർഥ്യമാകുന്നതോടെ തുറമുഖം പൂർണമായി എംഎസ്സിയുടെ കുത്തകയിലേക്ക് മാറുമെന്നായി വിലയിരുത്തപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ നിലനിർത്തിയാലേ നാടിന് നേട്ടമുണ്ടാകൂ. ഇത് കാരണമാണ് നിശ്ചയിച്ചതിനേക്കാൾ ഏറെ മുമ്പ് തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ മുൻകയ്യെടുത്തത്. നിർമാണം വേഗം പൂർത്തിയായതാണ് ആഗോള ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞത്തേക്ക് ആകർഷിച്ചത്. മറ്റ് ഷിപ്പിങ് കമ്പനികൾക്കുകൂടി തുറമുഖത്തിന്റെ സൗകര്യം ലഭിച്ചില്ലെങ്കിൽ മത്സരധിഷ്ഠിത സാഹചര്യം ഇല്ലാതാകും. ഒരു ഷിപ്പിങ് കമ്പനിയുടെ കുത്തകയായാൽ സംസ്ഥാന താൽപര്യവും ഹനിക്കപ്പെടും.
വിഴിഞ്ഞം വഴി കേരളത്തിൽ നടപ്പാക്കേണ്ട വികസനവും തടസപ്പെടും. തുറമുഖത്തിന്റെ നേട്ടം ആരിലേക്ക് പോകുമെന്ന ആശങ്കയും ഉയരുന്നുണ്ടെന്ന് വാർത്തയിൽ പറയുന്നു. ദേശാഭിമാനി ഇന്ന് നൽകിയ വാർത്തരാജ്യത്ത് തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നത് എന്ന രീതിയിലായിരുന്നു ദേശാഭിമാനി കഴിഞ്ഞ ദിവസം നൽകിയ വാർത്ത. അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി വാങ്ങുന്നതോടെ 13,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നായിരുന്നു റിപ്പോർട്ട്.
ഒരു കമ്പനിയിലേക്ക് മാത്രം കാര്യങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നത് മറ്റ് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നതിന് തടസമുണ്ടാക്കും. വിവിധ കമ്പനികളുടെ കപ്പലുകൾ എത്തുന്നതാണ് സംസ്ഥാനത്തിന് ലാഭകരം. കുത്തകവൽക്കരണം ഉണ്ടായാൽ മൾട്ടി ഓപ്പറേറ്റിങ് സംവിധാനം പോലും സാധ്യമാകാതെ വരുമെന്നും പിണറായി പറഞ്ഞിരുന്നു.

