‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

0

യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ യുവാക്കളുടെ ഭാവിയിൽ കളിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സുപ്രധാന നടപടി ഒരു നാഴികക്കല്ലായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.

युवाओं का हित और उनका उज्ज्वल भविष्य मोदी सरकार की सर्वोच्च प्राथमिकता भी है और संकल्प भी। प्रधानमंत्री जी द्वारा फास्ट ट्रैक कोर्ट्स के गठन से पेपर लीक के मामलों में दोषियों के खिलाफ त्वरित सुनवाई और कठोर कार्रवाई का निर्णय इसी का प्रतिबिंब है।

पेपर लीक के कारण युवाओं के भविष्य… https://t.co/7RExtxkHSG

— Amit Shah (@AmitShah) July 23, 2026
”യുവാക്കളുടെ ക്ഷേമവും അവരുടെ ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണന. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിലൂടെ കർശന നടപടി സ്വീകരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. പേപ്പർ ചോർച്ച കാരണം യുവാക്കളുടെ ഭാവിയിൽ കളിക്കുന്നവർക്കെതിരെ പ്രധാനമന്ത്രിയുടെ ഈ സുപ്രധാന നടപടി ഒരു നാഴികക്കല്ലായി മാറും”- അമിത് ഷാ എക്‌സിൽ കുറിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് മോദി എക്സിൽ കുറിച്ചു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജന്തർമന്തറിൽ പ്രതിഷേധിക്കുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ യുവതയുടെ ഭാവിയെ നശിപ്പിക്കുന്നത് നരേന്ദ്രമോദിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടുനിന്നു.

സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യം നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയത് മോദിയുടെ നേതൃത്വത്തിലാണ്. തകർത്തവരെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വിദ്യാർഥികളുടെ ആവശ്യം കൃത്യമാണെന്നും അതിലാണ് തീരുമാനം വേണ്ടതെന്നും രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. ഒന്നാമത് ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമത് വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയുക. മൂന്നാമത് വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക എന്നിങ്ങനെ അക്കമിട്ടാണ് രാഹുൽ എക്സിൽ കുറിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രതികരണത്തോട് സിജെപിയും പ്രതികരിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയെന്നാണ് സിജെപി എക്സിലൂടെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here