രാജസ്ഥാനിലെ ബിക്കാനീറിലെ പിബിഎം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായ വൃക്ക തകരാർ സംഭവിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസവത്തിനു ശേഷം 10–15 ദിവസത്തിനുള്ളിലാണ് ഇവർക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ച് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും, എല്ലാവരെയും ഐസിയുവിൽ പ്രവേശിപ്പിച്ച് ഡയാലിസിസ് ചികിത്സ നൽകുകയാണെന്നും റിപ്പോർട്ടുണ്ട്. സിസേറിയനും സാധാരണ പ്രസവവും നടത്തിയ സ്ത്രീകൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.
മൂത്ര തടസ്സം, അണുബാധ, പ്ലേറ്റ്‌ലെറ്റ് കുറവ് തുടങ്ങിയ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ചികിത്സ സംബന്ധിച്ച വിവരങ്ങൾ കുടുംബങ്ങൾക്ക് ശരിയായി ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും യഥാർത്ഥ കാരണം കണ്ടെത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

