വിഷം കലർത്തിയ ജ്യൂസ് നൽകിയത് സ്കൂൾ വിട്ട് വരുന്നതിനിടെ; പിതാവിന് പിന്നാലെ പന്ത്രണ്ടുകാരിയും മരിച്ചു

0

മാന്നാർ: മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി സ്വയം കുടിക്കുകയും ചെയ്ത പിതാവ് മരിച്ചതിന് പിന്നാലെ മൂത്ത കുട്ടിക്കും ദാരുണാന്ത്യം. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. ഇളയ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ശിവഗംഗ രണ്ടാം ക്ലാസ് വിദ്യാർഥിനി. ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം മക്കളെ കാറിൽ വീട്ടിലേക്കു കൊണ്ടുവരുന്നതിനിടെ, മാന്നാർ ഊട്ടുപറമ്പിന് സമീപമുള്ള ഇടവഴിയിൽ വാഹനം നിർത്തിയ ശേഷമാണ് കുട്ടികൾക്ക് ജ്യൂസ് നൽകിയത്. മനോജും ജ്യൂസ് കുടിച്ചു. ഇളയ മകൾക്ക് കയ്പ് തോന്നിയതിനെ തുടർന്ന് ജ്യൂസ് തുപ്പിക്കളഞ്ഞതായി പറയുന്നു.

മനോജും മൂത്തമകളും അവശനിലയിലായതുകണ്ട് ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മനോജ് മരിച്ചത്. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി പത്ത് മണിയോടെ മരിച്ചു.

മനോജ്–ജ്യോതി ദമ്പതികൾക്ക് ഒന്നര വയസ്സുള്ള ശിവകീർത്തി എന്ന മറ്റൊരു മകളും ഉണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here