‘വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം’; സി ജെ റോയിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ

0

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിസിനസ് സമൂഹവും കേരളക്കരയും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ അദ്ദേഹം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയുമാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയിയുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

“എൻ്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

സിനിമ മേഖലയിലും സിജെ റോയ് നിക്ഷേപം നടത്തിയിരുന്നു. മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലൂടെയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി ജെ റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവാണ് സി ജെ റോയ്. ‘കാസനോവ’യ്‌ക്ക് പിന്നാലെ ‘മരയ്ക്കാർ-അറബിക്കടലിലെ സിംഹം’, സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’, ‘ഐഡന്റിറ്റി’ എന്നീ മലയാളം സിനിമകളും റോയ് നിർമിച്ചു.

ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ നടന്ന ഇൻകം ടാക്‌സ് റെയ്‌ഡിനിടെയാണ് സി ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈസൻസുള്ള സ്വന്തം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റൈഡ് നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജപ്പെടുത്തിയിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണ കാരണമെന്ന് കാണിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി സിഐഡിക്ക് കർണാടക സർക്കാർ കൈമാറിയിട്ടുണ്ട്.

അതേസമയം, സിജെ റോയിയുടെ സംസ്കാരം നാളെ വൈകിട്ട് നടക്കും. സഹോദരൻ സി ജെ ബാബുവിന്റെ കോറമംഗലയിലെ വീട്ടില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക എന്നാണ് നിലവിലെ വിവരം. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ പൂർത്തിയാകും ശേഷം രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോറമംഗലയിലെത്തിക്കും. സി ജെ ബാബുവിന്റെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here