ശബരിമല സ്വർണക്കവച്ച കേസ്; പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ, സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന

0

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം തുടരുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ എത്തി. കേസിലെ പത്താം പ്രതിയായ ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ് എസ്ഐടി സംഘം. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്. മുൻപ് നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിശോധന. അതേസമയം, തൻ്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവർധൻ ആരോപിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ​ഗോവർധൻ ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ, ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന സമയം ഇവർ രണ്ടുപേരും ബോർഡിലെ മെമ്പർമാരായിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച ഘട്ടത്തിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു കോടതി ചോദിച്ചത്. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ഇരുവരും മുൻകൂർ ജാമ്യ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ തനിക്ക് മാത്രമല്ല ബോർഡിലെ ഇല്ലേ അംഗങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്.

അതേസമയം, ശബരിമലയിൽ നിന്നും പഞ്ചലോഹ വി​ഗ്രങ്ങൾ കടത്തിയെന്ന വെളിപ്പെടുത്തലിലും നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വിഗ്രഹങ്ങൾ വാങ്ങിയെന്ന് വിദേശ വ്യവസായി വെളിപ്പെടുത്തിയ ഡി. മണി എന്ന ചെന്നൈ സ്വദേശിയുടെ പങ്ക് എസ്ഐടി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ദുബായിലെ വ്യവസായി നൽകിയ മൊഴിയിൽ പരാമർശിക്കുന്ന ഇയാളുമായി അടുപ്പമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട അന്വേഷണ സംഘം, വിശദമായ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് പോയിട്ടുണ്ട്.

ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയതായും, അവ ഡി. മണി വാങ്ങിയതായുമാണ് വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ മൊഴി രേഖപ്പെടുത്തിയത്.

വ്യവസായി പറഞ്ഞതനുസരിച്ച് 2019–20 കാലയളവിലാണ് വിഗ്രഹങ്ങൾ കടത്തിയത്. ശബരിമല ഭരണസംവിധാനത്തിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലായിരുന്നു ഇടപാട് നടന്നതെന്നും, രാജ്യാന്തര ശൃംഖലയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. ഇടനിലക്കാരനായി ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രവർത്തിച്ചതായും, 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ച് പണമിടപാട് നടന്നതായും മൊഴിയിൽ പറയുന്നു. ഇടപാടിൽ ഡി. മണി, ഉണ്ണിക്കൃഷ്ണൻ പോറ്റി, ആ ഉന്നതൻ എന്നിവരാണ് പങ്കെടുത്തതെന്നും അവകാശപ്പെടുന്നു.

ഇതിനിടെ, മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുന്ന ഘട്ടത്തിലാണ് എസ്ഐടി. തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here