റിയാദ്: സൗദിയിലെ പ്രമുഖ സോഷ്യൽ മീഡിയ താരവും “അബു മുർദാഅ്” എന്നറിയപ്പെടുന്ന അബ്ദുല്ല ബിൻ മർദ അൽ ആതിഫ് അൽ ഖഹ്താനി വ്യാഴാഴ്ച വാഹനാപകടത്തിൽ മരിച്ചു. പഴയ ഹെയിൽ-ജുബ്ബ റോഡിലാണ് അപകടം നടന്നത്. അൽ ഖഹ്താനിയും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ജീപ്പ് ഒരു കോൺട്രാക്റ്റിംഗ് കമ്പനിയുടെ റോഡ് അറ്റകുറ്റപ്പണി നടത്തുന്ന ബുൾഡോസറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്നാപ്ചാറ്റ് താരമാണ് അബൂ മുർദാഅ് എന്നറിയപ്പെടുന്ന അബ്ദുല്ല ബിൻ മുർദാഅ് ആൽ ആതിഫ് അൽ ഖഹ്താനി. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ സോഷ്യൽ മീഡിയ താരം അബു ഹിസ്സയും അബു മുർദാഅിെൻറ പിതൃസഹോദര പുത്രനായ ദുബൈലിനും ഗുരുതര പരിക്കേറ്റു.
അബൂ മുർദാഅ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് കരുതുന്നത്. സലാമാത്ത് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദുഖൈലിനെ, ഹാഇലിലെ സൗദി ജർമൻ ആശുപത്രിയിൽ നിന്ന് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമാണ്. അബൂ ഹിസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
സൗദി ട്രാഫിക് അതോറിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിൽ എക്സിൽ പോസ്റ്റ് ചെയ്ത ഹായിൽ ട്രാഫിക് വകുപ്പിന്റെ പ്രസ്താവനയിൽ, കൂട്ടിയിടിയെക്കുറിച്ചുള്ള അന്വേഷണം സ്ഥിരീകരിച്ചു. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

