കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ ആക്രമിച്ച് തെരുവ് നായക്കൂട്ടം. കോഴിക്കോട് കലക്ടറേറ്റിന് മുന്‍വശത്തെ റോഡിലൂടെ പോയ സമയത്താണ് തെരുവ് നായ കൂട്ടമായി എത്തി ആക്രമിച്ചത്. സിവില്‍സ്റ്റേഷന്‍- കോട്ടുളി റോഡില്‍ താമസിക്കുന്ന നസീബ് ഹൗസില്‍ കെപി അബ്ദുള്‍ ജലീലിനെ (62) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം.
വിവാഹ സത്ക്കാരത്തില്‍ വീട്ടിലേക്ക് മടങ്ങിവരവേ സിവില്‍ സ്റ്റേഷന് മുന്നില്‍ തമ്പടിച്ചിരുന്ന തെരുവ് നായകള്‍ ജലീല്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നാലെ ഓടുകയായിരുന്നു. നാല് നായകള്‍ നൂറ് മീറ്ററോളം പിറകേ ഓടുകയും ഒരു നായ ജലീലിന്റെ കാലിലേക്ക് കടിക്കാനായി ചാടുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ മറിഞ്ഞു.
ജലീല്‍ ധരിച്ചിരുന്ന ഹെല്‍മറ്റും തെറിച്ചു പോയി. സ്‌കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഭയന്ന് നായകള്‍ പിന്‍മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിനടിയിലായിപ്പോയ ജലീല്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാരനായ വടക്കേല്‍ ബിജുവും കുടുംബവും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വലതു കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഹെല്‍മറ്റ് തകര്‍ന്ന നിലയിലാണ്.
മറ്റൊരു സംഭവത്തിൽ കോന്നിയിൽ കുളത്തിങ്കലിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന യുവാവിനെയും ആടുകളെയും തെരുവ് നായ ആക്രമിച്ചു. കുളത്തിങ്കൽ തടത്തിൽ പുത്തൻവീട്ടിൽ രതീഷിനെയാണ് തെരുവ് നായ ആക്രമിച്ചത്. തടത്തിൽ വീട്ടിൽ രത്നമ്മയുടെ ആടുകളെയും തെരുവ് നായ ആക്രമിച്ചു. കോന്നിയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി തെരുവ് നായയുടെ ആക്രമണം വർധിച്ചു വരികയാണ്.
കടിയേറ്റ രതീഷിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

