100 വർഷത്തിലേറെയായി ക്രിസ്ത്യൻ ചടങ്ങുകൾക്ക് മാത്രം ഉപയോഗിക്കുന്ന മൈതാനം ഹിന്ദു ഉത്സവത്തിന് വിട്ടുകൊടുക്കാൻ ഉത്തരവ്; പൊതുമൈതാനം എല്ലാ മതങ്ങൾക്കും അവകാശപ്പെട്ടതെന്നും മദ്രാസ് ഹൈക്കോടതി

0

ചെന്നൈ: പൊതു മൈതാനങ്ങൾ എല്ലാ മതക്കാർക്കും അവകാശപ്പെട്ടതാണെന്ന് മദ്രാസ് ഹൈക്കോടതി. ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾക്കായി മാത്രം ഉപയോഗിച്ചിരുന്ന മൈതാനത്തിൽ ഹിന്ദു വിഭാ​ഗത്തിന്റെ ഉത്സവം നടത്താൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം പൊതുമൈതാനമാണ് ഹിന്ദു വിഭാ​ഗത്തിന് അന്നദാനച്ചടങ്ങ് നടത്താൻ വിട്ടുകൊടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

പൊതുമൈതാനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളവയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അവ ഉപയോഗിക്കാൻ എല്ലാ മതക്കാർക്കും തുല്യാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. “പൊതുമൈതാനം ഒരു വിഭാഗത്തിനുള്ളതല്ല. അത് എല്ലാവർക്കും ലഭ്യമാകണം, അല്ലെങ്കിൽ ആർക്കും വേണ്ട. മതപരമായ കാരണം ചൂണ്ടിക്കാട്ടി ഒരുഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്,” — എന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹിന്ദു ഉത്സവത്തിന് തഹസിൽദാർ അനുമതി നിഷേധിച്ചതിനെതിരെ രാജാമണി എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.

100 വർഷത്തിലേറെയായി ഈ മൈതാനം ക്രൈസ്തവരുടെ ഈസ്റ്റർ ആഘോഷങ്ങൾക്കും നാടകങ്ങൾക്കും സംഗമങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുകയായിരുന്നു. “മറ്റു മതവിഭാഗങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും” എന്നായിരുന്നു ക്രൈസ്തവ സമൂഹത്തിന്റെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളി.

“മതപരമായ ചടങ്ങുകൾക്കുള്ള അനുമതി നിഷേധിക്കുന്നത് മൗലികാവകാശം അടിച്ചമർത്താനുള്ള ശ്രമമായി കാണരുത്. ഏതു മതാചാരങ്ങളായാലും അവയ്ക്കു ബഹുമാനം നൽകണം. ഇത്തരത്തിലുള്ള ഇടപെടലുകൾ മതങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കും. അതിനല്ലെങ്കിൽ സമൂഹത്തിലെ സമാധാനം നഷ്ടമാകും,” — കോടതി വിധിയിൽ പറഞ്ഞു.

കോടതി ചടങ്ങുകൾ ക്രമസമാധാനം പാലിച്ച് നടത്താൻ പൊലീസ് ആവശ്യമായ മുൻകരുതലുകൾ എടുക്കണം എന്നും നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here