കോഴിക്കോട്: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിഭാഗത്തിലെ അവാർഡുകൾ ഒഴിവാക്കിയതിനെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അഞ്ചാം തവണയും പരാതികളില്ലാതെ അവാർഡ് പ്രഖ്യാപനം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നാണ് മന്ത്രിയുടെ വാദം. കോഴിക്കോട് വെച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൈയടി മാത്രമാണ് ലഭിച്ചതെന്നും പരാതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു എന്നും, ഗാനരചയിതാവല്ലാത്ത വേടൻ എന്ന വ്യക്തിക്ക് പോലും മികച്ച ഗാനത്തിന് പുരസ്‌കാരം നൽകി അംഗീകരിച്ചു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
“ബാലതാരങ്ങൾക്കും കുട്ടികളുടെ സിനിമകൾക്കും അവാർഡ് നൽകാൻ അർഹമായ സിനിമകൾ ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. ഇതിൽ ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്,” സജി ചെറിയാൻ വ്യക്തമാക്കി.
കുട്ടികളുടെ മികച്ച സിനിമകൾ ഉണ്ടാകാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ജൂറി നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിനിമാ പ്രവർത്തകരുടെ യോഗം വിളിച്ചുചേർക്കുമെന്നും അടുത്ത വർഷത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികൾക്ക് അവാർഡ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ നിരവധി പ്രഗത്ഭരായ ഗാനരചയിതാക്കൾ ഉണ്ടായിരുന്നിട്ടും, ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഗാനത്തിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് തന്റെ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

