പട്‌ന: രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിൽ എൻഡിഎ 160 സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മിച്ചമുള്ള സീറ്റുകൾ മാത്രമേ മറ്റു പാർട്ടികൾക്ക് വിജയിക്കാനാകൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എൻഡിടിവിയുടെ ബിഹാർ പവർ പ്ലേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴിലാണ് എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അമിത് ഷാ ആവർത്തിച്ചു. ആരാകും മുഖ്യമന്ത്രി എന്നതിൽ തീരുമാനം കൈക്കൊള്ളുന്നത് പാർട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷ് കുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് അനുയായികളും എതിരാളികളും ഉന്നയിക്കുന്ന ആശങ്കക്കും അമിത് ഷാ മറുപടി നൽകി. നിതീഷ് കുമാർ ദിവസവും അഞ്ചുറാലികളെ അഭിസംബോധന ചെയ്യുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.
ശ്രദ്ധാപൂർവം വോട്ട് രേഖപ്പെടുത്താൻ ബിഹാറിലെ ജനങ്ങളോട് താൻ അഭ്യർഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മഹാഗഢ്ബന്ധൻ അധികാരത്തിൽ തിരിച്ചെത്തിയാൽ ജംഗിൾ രാജും മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. 243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ആറ്,11 തീയതികളിലാണ് നടക്കുന്നത്.

