തിരുവനന്തപുരം: ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും വിനായക് ദാമോദർ സവർക്കറെയും കേരള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന “രാഷ്ട്രീയ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണം” മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ബിജെപിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും മന്ത്രി വിമർശിച്ചു. “അസംബന്ധ പ്രസ്താവനകളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം,” ശിവൻകുട്ടി പറഞ്ഞു.
പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സംസ്ഥാനത്തിലെ സ്കൂളുകളുടെ ഭൗതികസൗകര്യങ്ങളും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്താനാണെന്നും, കേരളത്തിന്റെ പാഠ്യപദ്ധതി കേന്ദ്രത്തിന് അടിയറ വെക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പിഎംശ്രീയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ നടപ്പാക്കുമെന്ന് കരുതുന്നത് യുക്തിഹീനമാണ്. കേരളത്തിന് സ്വന്തം വിദ്യാഭ്യാസ കാഴ്ചപ്പാടും ശക്തമായ പാഠ്യപദ്ധതിയുമുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.
ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ കേരളത്തിൽ ഒരിക്കലും വിജയിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. “മഹാത്മാഗാന്ധിയെ വധിച്ചത് ഗോഡ്സെയാണെന്ന സത്യം ആരും മായ്ക്കാൻ കഴിയില്ല. ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണ് കേരളം തുടരുമെന്നും,” അദ്ദേഹം പറഞ്ഞു.
സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവറെയും സവർക്കറെയും കുട്ടികളെ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. “ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെങ്കിലും അത് വിലപ്പോവില്ല,” മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പിഎം ശ്രീയിൽ ഒപ്പിട്ടതോടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണമായി നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. “വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഇപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം മനസ്സിലായിരിക്കുന്നു. ഇനി കേരളത്തിലെ സ്കൂളുകളിൽ ഹെഡ്ഗേവാറിനെയും സവർക്കറിനെയും ദീൻദയാൽ ഉപാധ്യായയെയും കുറിച്ച് പഠിപ്പിക്കും. ഇതൊക്കെ അറിയാൻ താൽപര്യമില്ലാത്തവർക്ക് പഠിക്കേണ്ടതില്ല,” എന്നും സുരേന്ദ്രൻ പറഞ്ഞു.
“വി.ഡി. സവർക്കർ രാജ്യദ്രോഹിയല്ല, അതും കുട്ടികൾക്ക് പഠിപ്പിക്കും. കോൺഗ്രസ് മറച്ചുവെച്ച ചരിത്രം ഇനി തുറന്നു കാണിക്കേണ്ട സമയം തന്നെയാണ്. നെഹ്‌റുവിനെയും ഇന്ദിരയെയും മാത്രം പഠിച്ചാൽ മതിയോ? ദേശീയ വിദ്യാഭ്യാസ നയം അതിന് പരിഹാരമാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീയിൽ ഒപ്പുവെച്ചതിനു പിന്നിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. “നാലുവർഷം ഇടതുപക്ഷം ഈ പദ്ധതി തടസപ്പെടുത്തി. പിന്നീട് അവരുടേതായ പാർട്ടി യോഗം കൂടിയാൽ ‘ഞങ്ങൾ പറഞ്ഞതായിരുന്നു ശരി’ എന്നു പറയും. സിപിഎം ട്യൂബ് ലൈറ്റാണ് – കത്താൻ നാലുവർഷമെടുക്കും,” എന്നും സുരേന്ദ്രൻ പരിഹസിച്ചു.
സിപിഐയെ കടുത്ത ഭാഷയിൽ വിമർശിച്ച സുരേന്ദ്രൻ പറഞ്ഞു: “സിപിഐ എപ്പോഴും കുരച്ചുകൊണ്ടിരിക്കും, പക്ഷേ കടിക്കില്ല. കടിക്കുന്നവർ അധികം കുരയ്ക്കാറില്ല. ബിനോയ് വിശ്വത്തിന് തന്റെ നാല് മന്ത്രിമാരെ പോലും രാജിവയ്‌പ്പിക്കാൻ കഴിയുമോ? അവരുടെ വകുപ്പുകളിൽ നടക്കുന്ന അഴിമതി ഭൂലോക അഴിമതിയാണ്. പാർട്ടിക്ക് യാതൊരു നിലപാടും നിലവാരവും ഇനി കേരളത്തിൽ ഇല്ല,” എന്നും സുരേന്ദ്രൻ കടുത്ത വിമർശനം ഉന്നയിച്ചു.

