കൊല്ലത്ത് 60 വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതി കണ്ണൂരിൽ നിന്ന് അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പന്മന മേക്കാട് സ്വദേശി, 36 വയസ്സുള്ള ഉമേഷ് ആണ് ചവറ പോലീസിന്റെ പിടിയിലായത്.
കണ്ണൂരിലെ പുതിയങ്ങാടിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 18-ന് ആണ് പ്രതി വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനശ്രമം നടത്തിയത്. മത്സ്യത്തൊഴിലാളിയായ ഉമേഷ്, സംഭവശേഷം പോലീസ് പിടിയിലാകാതിരിക്കാൻ രൂപത്തിലും പേരിലും മാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ പുതിയങ്ങാടി ഹാർബർ പരിസരത്ത് ജോലി ചെയ്തുവരികയായിരുന്നു.
രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലും തിരച്ചിലിലുമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ സാധിച്ചത്.

