തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയറെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേയര്‍ എംകെ വര്‍ഗീസിനെയാണ് സുരേഷ്‌ഗോപി പുകഴ്ത്തിയത്. മേയർ നല്ല മനുഷ്യനാണെന്നും പക്ഷെ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ തന്നെ മേയർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഒരു വ്യത്യസ്തമായ മനോഭാവം ഉണ്ടായിട്ടുണ്ടെന്നും അതിന് ആരംഭം കുറിച്ചതാവട്ടെ തൃശൂരിൽ നിന്നുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചില ആളുകൾ ജനങ്ങളുടെ ഈ വ്യത്യസ്തമായ മനോഭാവം കണ്ട് ഭയന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് തന്റെ പരിപാടിയായ കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും ബിജെപിയ്ക്ക് സമ്മാനിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിൽ നടന്ന കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

