സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെ കാന്റീനിലേക്ക് തക്കാളി എടുക്കാൻ തടവുകാരിയെ ജയിലിന് വെളിയിലേക്ക് കടത്തി; വൻ സുരക്ഷാ വീഴ്ച

0

ലണ്ടൻ: കാന്റീനിലേക്ക് തക്കാളി എടുക്കാൻ തടവുകാരിയെ ജയിലിന് വെളിയിലേക്ക് കടത്തി പുറത്തേക്ക് കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ബ്രിട്ടനിൽ ചർച്ചാ വിഷയം. ജയിൽ ജീവനക്കാരൻ ഉണ്ടാക്കിയ വലിയൊരു സുരക്ഷാ ഭീഷണിയാണ് ആളുകളെ നടുക്കിയത്. ബ്രിട്ടനിലുള്ള സറേയിലെ ബാൻസ്റ്റെഡിന്റെ പ്രാന്തപ്രദേശത്തുള്ള വനിതാ ജയിലായ എച്ച്എംപി ഡൗൺവ്യൂവിലാണ് സംഭവം നടന്നത്. ജയിൽ ജീവനക്കാരന്റെ അശ്രദ്ധയാണ് സുരക്ഷാ പിഴവായി മാറിയത്.

അടുക്കളയിലെ ഒരു ജീവനക്കാരനാണ് ഇതേ ജയിലിന് അടുത്തുള്ള പുരുഷ ജയിലായ എച്ച് എംപി ഹൈഡൗണിൽ നിന്ന് തക്കാളി ശേഖരിക്കേണ്ടിയിരുന്നത്. ഇതിന് സഹായത്തിനായി ഇയാൾ ഒരു തടവുകാരിയെ ഒപ്പം കൂട്ടാൻ തീരുമാനമാനിക്കുകയായിരുന്നു. ഗേറ്റിനടുത്ത് സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെയാണ് ജീവനക്കാരൻ തടവുകാരിയുമായി ഡൗൺവ്യൂ ജയിലിന്റെ ഗേറ്റിലൂടെ പുറത്തേക്ക് നടന്നുപോയത്. സംഭവം ഗാർഡുമാർ കണ്ണുചിമ്മാതെ കണ്ടുനിന്നെന്നാണ് വിവരം.

പുറത്ത് ഡ്യൂട്ടിക്ക് എത്തിയ മറ്റ് ഓഫീസർമാർ തടവുകാരിയെ കണ്ടതോടെ ഞെട്ടി. ഉടൻ തന്നെ അവരെ തിരികെ ജയിലിനുള്ളിലേക്ക് എത്തിച്ചു. സംഭവത്തെ തുടർന്ന് ജയിലിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ജയിലിലെ എല്ലാ ജീവനക്കാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. പുറത്തുപോയ തടവുകാരിയെ ഏകാന്ത തടവിൽ പാർപ്പിച്ച ശേഷം മറ്റൊരു ജയിലിലേക്ക് മാറ്റി.

പത്ത് മിനിട്ടിൽ താഴെ മാത്രം നീണ്ടുനിന്ന എച്ച്എംപി ഡൗൺവ്യൂവിലെ സുരക്ഷാ വീഴ്ച തങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ വിധേയമായി രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രിസൺ സർവീസ് വക്താവ് അറിയിച്ചു.നേരത്തെയും ഗേറ്റിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളെക്കുറിച്ച് ഡൗൺവ്യൂവിലെ ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് ബോർഡ് (ഐഎംബി) അടുത്തിടെ നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏഴ് വർഷമായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ബോർഡ് അംഗങ്ങളെപ്പോലും ജയിലിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരിക്കലും പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡൗൺവ്യൂവിന് 356 പേരെ ഉൾക്കൊള്ളാൻ കഴിയും. ഇതിൽ ശിക്ഷിക്കപ്പെട്ട സ്ത്രീകളും 18 വയസ്സിനു മുകളിലുള്ള യുവ കുറ്റവാളികളും ഉൾപ്പെടുന്നു. യുകെയിലെ ഉയർന്ന അപകടസാധ്യതയുള്ള ട്രാൻസ്‌ജെൻഡർ തടവുകാർക്കുള്ള വിഭാഗവും ഈ ജയിലിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here