ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം സ്റ്റേഡിയങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). നിലവിൽ രാജ്യത്ത് നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾ വളരെ കുറവായതിനാലാണ് ഈ അസാധാരണ നീക്കം. ഇതിന്റെ ഭാഗമായി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെയും ഭൂരിഭാഗം ടിക്കറ്റുകളും പിസിബി സൗജന്യമാക്കിയിരിക്കുകയാണ്.
ലാഹോറിലും റാവൽപിണ്ടിയിലുമായി നടക്കുന്ന പരമ്പരയിലെ ജനറൽ, ഫസ്റ്റ് ക്ലാസ്, പ്രീമിയം വിഭാഗങ്ങളിലുള്ള ടിക്കറ്റുകൾ പൂർണ്ണമായും സൗജന്യമായിരിക്കും. പ്രത്യേക പരിഗണന നൽകുന്ന ചില വിഐപി ടിക്കറ്റുകളും സൗജന്യമായി ലഭിക്കും. കൂടാതെ, മറ്റ് ചില വിഐപി സ്റ്റാൻഡുകളിലെ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറച്ചിട്ടുമുണ്ട്. കാണികളെ കൂടുതൽ ആകർഷിക്കുന്നതിനായി സൗജന്യ നിരക്കുകൾക്കൊപ്പം, പ്രത്യേക സൗകര്യങ്ങളുള്ള സ്റ്റാൻഡുകൾക്ക് മാത്രമാണ് ഇപ്പോൾ ടിക്കറ്റ് വില ഈടാക്കുന്നത്.
ഒന്നാം ടെസ്റ്റ്: ഒക്ടോബർ 12 മുതൽ 16 വരെ – ലാഹോറിൽ വിഐപി – ഇഖ്ബാല്‍ & ജിന്ന എന്‍ഡ്, ഗാലറി (350-440 രൂപ)
പ്ലാറ്റിനം ബോക്സ്: ആദ്യ നാല് ദിവസം (3,520 രൂപ), അഞ്ചാം ദിവസം (4,400 രൂപ)
രണ്ടാം ടെസ്റ്റ്: ഒക്ടോബർ 20 മുതൽ 24 വരെ – റാവൽപിണ്ടിയിൽ. പിസിബി ഗാലറി: ആദ്യ നാല് ദിവസം (350 രൂപ), അഞ്ചാം ദിവസം (440 രൂപ).
പ്ലാറ്റിനം ബോക്സ്: ആദ്യ നാല് ദിവസം (3,520 രൂപ), അഞ്ചാം ദിവസം (4,400 രൂപ)
പാകിസ്ഥാനിൽ ടെസ്റ്റ് മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയങ്ങൾ ഏതാണ്ട് ഒഴിഞ്ഞുകിടക്കുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പാകിസ്ഥാൻ 2-1ന് പരാജയപ്പെട്ടിരുന്നു. ആ പരമ്പരയിലെ ആദ്യ ടെസ്റ്റിന് പോലും എത്തിയ കാണികളുടെ എണ്ണം ആയിരത്തിൽ താഴെയായിരുന്നു. മുൾട്ടാനിലും റാവൽപിണ്ടിയിലും നടന്ന തുടർന്നുള്ള ടെസ്റ്റുകളിലും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പിസിബി പുതിയ തന്ത്രം പരീക്ഷിക്കുന്നത്.
പാകിസ്ഥാനിൽ മാത്രമല്ല, അയൽരാജ്യമായ ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളിലും കാണികളുടെ കുറവ് ഒരു പ്രശ്നമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ അഹമ്മദാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരായ നടന്ന ആദ്യ ടെസ്റ്റ് ഈ കുറവിന് ഉദാഹരണമായിരുന്നു. ഇന്ത്യൻ ടീമിലെ രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം പലപ്പോഴും ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

