നെന്മാറ പോത്തുണ്ടി സജിത വധക്കേസ്; ‘ചെന്താമര കുറ്റക്കാരാണെന്ന വിധിയിൽ ആശ്വാസം,അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അതുല്യയും അഖിലയും

0

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയെ കുറ്റക്കാരനായി കോടതി വിധിച്ചത് ആശ്വാസമെന്ന് കുടുംബം. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതിക്ക്  ലഭിക്കണമെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും. ചെന്താമരയെ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജിതയുടെ കുടുംബം പ്രതികരിച്ചു. കോടതിയിൽ വിശ്വാസമർപ്പിക്കുന്നുവെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാ വിധി പ്രഖ്യാപിക്കുക ഈ മാസം 16ന് ആയിരിക്കും. ഇന്ന് ശിക്ഷാ വിധി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മറ്റന്നാളത്തെക്ക് മാറ്റിവെക്കുകയായിരുന്നു. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു. സജിത കൊല്ലപ്പെട്ട് ആറ് വർഷങ്ങൾക്കിപ്പുറമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി ചെന്താമരയ്ക്ക് ശിക്ഷ വിധിക്കാൻ പോകുന്നത്.

2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമര എന്ന ചെന്താമരാക്ഷൻ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ ഭാര്യ ഉപേക്ഷിച്ച് പോകാൻ കാരണക്കാരി സജിതയാണെന്ന് എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചിരുന്നു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോടാണെന്ന് കരുതി. ജോത്സ്യന്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാൻ മനസിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു.

വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയൽവാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലാകുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.

ഇതേ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. വിയ്യൂർ ജയിലിലെ വിചാരണത്തടവുകാരനായി രണ്ടു വർഷവും ഒൻപതു മാസത്തേയും ജയിൽവാസത്തിന് ശേഷം ആയിരുന്നു ജാമ്യം ലഭിച്ച ചെന്താമര പുറത്തെത്തിയത്. കർശന ഉപാധികളോടെയായിരുന്നു ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചിരുന്നത്. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കേരളത്തിൽ നിന്ന് പുറത്ത് പോകരുതെന്നുമായിരുന്നു ഈ ഉപാധികൾ. 7 മാസങ്ങൾക്കും ശേഷം ജാമ്യത്തിൽ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടിൽ ഇടക്കിടെ ചെന്താമരയെത്തി. ഇതിനിടെ ഇക്കഴിഞ്ഞ ജനുവരി 27 നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടിൽ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27 ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു.

ഫോറൻസിക് ലാബ് റിപ്പോർട്ട് പോലീസിന് ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് വിചാരണ നടപടികൾ തുടങ്ങി. ആകെ 66 സാക്ഷികളിൽ 16 പേരെ ഒഴിവാക്കി. ചെന്താമരയുടെ ഭാര്യയെ ആണ് ആദ്യം വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 52 പേരെ പ്രൊസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികൾ പൂർത്തിയായി. സജിതയുടെ വീട്ടിലെ രക്തത്തിൽ പ്രതി ചെന്താമരയുടെ കാൽപാടുകൾ, ഷർട്ടിന്‍റെ കീശയുടെ ഭാഗം, സാഹചര്യ തെളിവുകള്‍, പ്രതി കൃത്യം നടത്തി പുറത്തിറങ്ങിയത് കണ്ട അയൽവാസി പുഷ്പയുടെ മൊഴി തുടങ്ങിയവയാണ് കേസിൽ നിർണായകമായത്.

LEAVE A REPLY

Please enter your comment!
Please enter your name here