ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ സെയ്തൂൺ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയിലാണ് അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിന് നേരേ ഇസ്രയേൽ സൈനികർ ഷെല്ലാക്രമണം നടത്തിയത്. ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ എഎഫ്‌പിയോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേൽ ടാങ്ക് ഷെൽ ബസിനു മേൽ പതിച്ചത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം.
അതേ സമയം, ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ ബസിന് നേരേയാണ് തങ്ങൾ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബസിനുനേരേ വെടിയുതിർക്കുകയായിരുന്നു എന്ന് ഐഡിഎഫ് പറയുന്നു. ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രയേൽ സൈനികർ ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

