ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിജയ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ടാണ് വിജയ് മാപ്പ് ചോദിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. അന്ന് കരൂരിൽ എന്താണ് നടന്നതെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ച്ചയിൽ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിനും വിജയ് ക്ഷമ ചോദിച്ചു. എന്തുകൊണ്ടാണ് കരൂരിൽ വന്ന് കുടുംബാംഗങ്ങളെ കാണാൻ കഴിയാതെ പോയത് എന്ന കാര്യവും വിജയ് വിശദീകരിച്ചു. നിരവധി തവണ ഇതിനായുള്ള അനുമതി തേടിയതായും. എന്നാൽ പോലീസ് മൂന്ന് മണിക്കൂർ മാത്രമേ അനുവദിച്ചിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിൽ എത്തിച്ചതെന്നും വിജയ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6:30 വരെ വിജയ് കരൂർ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
മഹാബലിപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിജയ് മരിച്ചവരുടെ ആശ്രിതരെ കണ്ടത്. മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളെ കണ്ടത്. അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നും വിജയ് അറിയിച്ചു. നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് വിജയുമായി കൂടിക്കാഴ്ചയ്ക്കുള്ളവരെ എത്തിച്ചത്. 41 കുടുംബങ്ങളിലും ഉളളവർ എത്തിയില്ല. ചിലർ വരാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചു.
വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് കാണാതിരിക്കുകയും അനുശോചനം അറിയിക്കാതിരിക്കുകയും ചെയ്തതിന് വിജയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് ധനസഹായം നൽകിയ 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. ദുരന്തത്തിൽ മരിച്ച രമേശിന്‍റെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. സാംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും ചെന്നൈയിൽ എത്തിയിരുന്നു.
അതിനിടെ വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവർത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ വർഷത്തെ വിക്രവാണ്ടി സമ്മേളനത്തിനിടെ മരിച്ച ശ്രീനിവാസൻ, കല എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ഒരു സമുദായ സംഘടനയുടെ പേരിലാണ് പോസ്റ്റർ വന്നത്. 15 വർഷം വിജയ്ക്കായി പ്രവർത്തിച്ച ഇരുവരെയും മറന്നു. രണ്ട് പേരുടെയും കുടുംബം അനാഥമായെന്നും പോസ്റ്ററിൽ പറയുന്നു.

