ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് വൻ പാറകളും മണ്ണും പതിച്ച് വൻ ദുരന്തം. ഈ അപകടത്തിൽ 15 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
ബിലാസ്പുരിലെ മരോട്ടൻ-കലൗൾ റൂട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. ബല്ലു പാലത്തിന് സമീപം യാത്ര ചെയ്യുകയായിരുന്ന ബസിന് മുകളിലേക്കാണ് മലയിടിഞ്ഞ് പാറക്കെട്ടുകൾ അടക്കം പതിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും മണ്ണിലും പാറക്കെട്ടുകൾക്കുമിടയിൽ അകപ്പെടുകയായിരുന്നു.
ബസിലുണ്ടായിരുന്നവരിൽ നാല് പേരെ ഇതുവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസമയത്ത് 30-ൽ അധികം യാത്രക്കാർ ബസ്സിലുണ്ടായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന സൂചന. കൂടുതൽ പേരെ രക്ഷപ്പെടുത്തുന്നതിനായുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.
പോലീസ്, ഫയർഫോഴ്‌സ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എൻഡിആർഎഫ്/എസ്ഡിആർഎഫ്) സംഘങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കൂറ്റൻ പാറക്കെട്ടുകളും മണ്ണും നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ.

