നാഗർകോവിൽ: ഏകദേശം 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മലയാളികൾ ഉൾപ്പെടെ നാലുപേരെ തമിഴ്നാട് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51), തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41), ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരാണ് അറസ്റ്റിലായത്.
പ്രത്യേക സംഘമാണ് 301 കിലോ ഗുഡ്ക, രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവ സഹിതം പ്രതികളെ പിടികൂടിയത്. ബീമാപ്പള്ളിയിൽ നിന്നാണ് ഇവർ കന്യാകുമാരി ജില്ലയിലെ വിവിധ കടകളിലേക്ക് നിരോധിത ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പിടിയിലായ നാലുപേരെയും റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ഉൽപ്പന്നങ്ങൾ എങ്ങനെ എത്തിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

