കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ താഴേക്ക് കൂപ്പുകുത്തിയ സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 115 രൂപ കൂടി 11,515 രൂപയിലെത്തി. ബുധനാഴ്ച പവന്റെ വില രണ്ട് തവണയായി 3,440 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായിരുന്നു. വെള്ളിയാഴ്ച്ച 500 രൂപ കുറഞ്ഞ് 91,200 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ആഗോള വിപണിയിലും സ്വർണത്തിന്റെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങളും ലാഭമെടുപ്പിൽ നിന്ന് വിപണി കരകയറിയതുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിക്കുന്നത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് വില 4,118.29 ഡോളറായി ഇടിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈയാഴ്ച സ്വർണവിലയിൽ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 4,137.8 ഡോളറായി. തിങ്കളാഴ്ച ആഗോളവിപണിയിൽ സ്വർണവില 4,381 ഡോളറായി ഉയർന്നിരുന്നു. ആസിയാൻ സമ്മേളനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. കൂടിക്കാഴ്ചക്കിടെ വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയാൽ അതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

