ഹൈദരാബാദ്: ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ വിദ്യാർഥിനിയായ 19വയസുകാരിയുടെ ആത്മഹത്യയിൽ പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വോളിബോൾ പരിശീലകനെതിരെ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസമാണ് മൗലികയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി മൗലികയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയത്. പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വോളിബോൾ പരിശീലകനായ അംബാജി നായിക്കിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. വോളിബോൾ കോച്ച് മകളെ ഉപദ്രവിച്ചിരുന്നതായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് അവളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും മൗലികയുടെ പിതാവ് വെളിപ്പെടുത്തി.
മകളുടെ മരണവുമായി ബന്ധപ്പെട്ട് മൗലികയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പോ, മറ്റോ കണ്ടെത്താനായിട്ടില്ല. താൻ ബുദ്ധിമുട്ടി നേരിട്ടിരുന്നുവെന്ന് കുട്ടി കുടുംബത്തെ അറിയിച്ചിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല എന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് വോളിബോൾ കോച്ചിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിട്ടതായി മൗലിക തന്റെ ചില സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും. കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

