ചെല്ലാനത്ത് കടലിൽ കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; രക്ഷാപ്രവർത്തനം നടത്തിയത് സഹപ്രവർത്തകർ

0

കൊച്ചി: ചെല്ലാനം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ അഞ്ച് തൊഴിലാളികളെയും മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനമാണ് അഞ്ച് പേരെയും സുരക്ഷിതമായി തിരികെ എത്തിച്ചത്.

ഇമ്മാനുവൽ (KL 03 4798) എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് കടലിൽ കുടുങ്ങിയത്. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഘം കടലിലേക്ക് തിരിച്ചത്. സാധാരണയായി രാവിലെ 9 മണിയോടെ മടങ്ങിയെത്തേണ്ടിയിരുന്ന ഇവർ ഏറെ വൈകിയും തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാരും തീരദേശവാസികളും ആശങ്കയിലായി. തുടർന്ന്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

എങ്കിലും, മറ്റ് മത്സ്യത്തൊഴിലാളികൾ സ്വന്തം ബോട്ടുകളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. സഹപ്രവർത്തകരുടെ ഈ നീക്കമാണ് ഫലം കണ്ടത്. തിരച്ചിലിനൊടുവിൽ കണ്ടെത്തിയ തൊഴിലാളികളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ കയറ്റി സുരക്ഷിതമായി കരയിലെത്തിച്ചു. എഞ്ചിൻ തകരാറാണ് വള്ളം അപകടത്തിൽ പെടാൻ കാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here