മലപ്പുറം: നന്നംമുക്ക് മണലിയാര്കാവ് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തിത്തുറന്ന ശേഷം അവിടെയുണ്ടായിരുന്ന പണം മോഷ്ടാക്കൾ കവർന്നു. 12,500 രൂപയോളം നഷ്ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് ആദ്യം സംഭവം കാണുന്നത്. വഴിപാട് കൗണ്ടറും ഓഫിസും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ പൂട്ടും വാതിലും തകർത്ത നിലയിലായിരുന്നു. പണം അന്വേഷിക്കുന്നതിനിടെ ഓഫീസിലെ സാധന സാമഗ്രികള്‍ മുഴുവൻ മോഷ്ടക്കൽ നശിപ്പിച്ചിട്ടുണ്ട്.
മോഷ്ടാക്കൾ ഓഫീസിലെ സ്ട്രോങ് റൂമിന്റെ ഹാന്റില്‍ പൊട്ടിച്ചെങ്കിലും ഉള്ളിൽ കയറാനായില്ല. ഓഫീസിലും പുറത്തുമായുണ്ടായിരുന്ന മൂന്ന് സിസിടിവി കാമറകള്‍ നശിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സി.പി.യു മോഷ്ടാക്കൾ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം സി.ഐ ഷൈന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ക്ഷേത്രവും പരിസരവും നന്നായി അറിയാവുന്ന ഒരാളോ അല്ലെങ്കിൽ ഒന്നിലധികം ആളുകളോ ആയിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു മോഷണമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ സംശയം. കേസിൽ ക്ഷേത്ര പരിസരത്തുള്ളവരേയും ദ്യക്സാക്ഷികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

